Saturday, July 14, 2012

അപസര്‍പ്പകം

രാവില്‍
സ്വപ്നത്തിന്റെ ലൈറ്റിട്ടപ്പോള്‍
പായല്‍ പിടിച്ച കുളത്തില്‍
ഒരു നീലാമ്പല മൊട്ട് വിരിയുന്നു.
ഒരു പെണ്‍ ശരീരം മുങ്ങിത്താഴുന്നു

തണുത്ത വരാന്ത.
നിലാവ് പൂത്ത മുറ്റം.
ഒടിയന്‍
കാളയായി ,ഒറ്റക്കൊമ്പന്‍
മുക്കാലി, വാലില്ലാത്തവന്‍.

രാവില്‍
വയലിന് നടുവില്‍
കുറുകെ വരുന്നു
മുടിയഴിച്ചിട്ട പെണ്ണ്
സുന്ദരി,സുമുഖി
പാല പൂക്കുമ്പോഴുള്ള ഗന്ധം,
പാട്ട്.

മൂന്നാം യാമം
തൊടിയിലെ മാഞ്ചോട്
ശുഭ്രവസ്ത്രധാരിയായ മാന്യദേഹി
ചോരയെക്കുരിച്ചു സംസാരിക്കുന്നു
എന്നെ തൊടാന്‍ കൈ നീട്ടുന്നു,
മരണം.

കിണറ്റിലെ ചന്ദ്രബിംബം
മാഷികലക്കിയപോലെ വെള്ളം
കപ്പി താനേ കരയുന്നു
കയര്‍ താനേ ഉയരുന്നു
പൊങ്ങി വരുന്നത്
പണ്ടെങ്ങോ അപമൃത്യു വരിച്ച ജലകന്യക.

വീട്
ചന്ദനത്തിരിയുടെ ഗന്ധം
മരിച്ചുപോയവര്‍
പരസ്പരം സംസാരിക്കുന്നു
മരവിച്ച് ഞാന്‍ മൃത്യു തേടുന്നു.

*നിലാവ് നിറഞ്ഞ പെരുവഴിയിലൂടെ
കരിയിലകള്‍ ഞെരിച്ചുകൊണ്ട്
ഒരു യാത്രികന്‍ മങ്ങുന്നു
കറുത്ത പൂച്ച
കണ്ണുകള്‍ തിളക്കുന്നു
വഴുത്ത പാമ്പ്‌
സീല്‍ക്കാരം
കുറുക്കന്റെ ഓരിയിടല്‍
എന്റെ മനസ്സ് മന്ത്രിക്കുന്നു;
അപസര്‍പ്പകം.



*വൈക്കം മുഹമ്മദ്‌ ബഷീറിനെ ഓര്‍ക്കുക

Friday, July 13, 2012

പ്രണയിനിക്ക് നല്‍കാന്‍

എന്റെ രക്തം നിറച്ച പേന.
എന്റെ കണ്ണുനീര്‍ത്തുള്ളി.
വിലമതിക്കാനാവാത്ത
അത്രയും സ്വപ്നങ്ങള്‍.
സ്ഫടിക ഭരണിയിലടക്കം ചെയ്ത
കരിഞ്ഞ പനിനീര്‍ ദലങ്ങള്‍.
ഇരുണ്ട വയലറ്റ് നിറത്തിലുള്ള
വിഷക്കുപ്പി.

രാവ് മായുമ്പോള്‍
നിന്നെക്കുറിച്ചുള്ള
നിശ്വാസങ്ങളും നെടുവീര്‍പ്പുകളും.
പ്രണയിനിക്കായ് സ്വന്തം ചെവി അറുത്തു
കൊടുത്തവന്റെ വേദന,
വന്യതയുടെ സംഗീതവും തണുപ്പും .

Friday, July 6, 2012

മഴ

ചില്ലുജനാല.
ജലച്ചായ ചിത്രം വരയ്ക്കുന്ന
മാന്ത്രികനായ ചിത്രകാരന്‍.
നിറങ്ങളെല്ലാം നനഞ്ഞു കുതിര്‍ന്ന
ഈ കാന്‍വാസ്.
കലങ്ങി മറിഞ്ഞ്
നിറഞ്ഞു കവിഞ്ഞ്
ഒഴുകി വരുന്ന
നദി.
കനക്കുന്ന മുളംകാടുകള്‍
നനഞ്ഞുപോയൊരു കരിയിലക്കിളി
ഇലച്ചുവട് തേടുന്നു.
കറുത്ത തായ്തടിയിലൂടെ
ഒലിച്ചിറങ്ങുന്ന
വഴുവഴുത്ത മഴപ്പാമ്പ്.
കരഞ്ഞു കറുത്ത മുഖവുമായി വന്ന്
ഒടുവില്‍
ഒരു ദിവസത്തെ മുഴുവന്‍
മൂകതക്ക് വിട്ട്
നിശബ്ദമായി വിടപറയുന്ന
എന്റെ സ്നേഹിതന്‍.
ഇന്നലെ രാത്രി പെയ്ത മഴ
എന്ത് സുഖാനുഭവം
മരിച്ച ഈയാമ്പാറ്റകള്‍
പൊഴിച്ച ചിറകുകള്‍
പെയ്തൊഴിഞ്ഞിട്ടും
പെയ്തുകൊണ്ടിരുന്നു
മരം.

Thursday, July 5, 2012

ഒരു മഴയില്‍ നിന്നും അടുത്ത മഴയിലെക്കുള്ള ദൂരമാണ് എന്റെ പ്രിയപ്പെട്ട ഈ നടത്തം

മഴക്കാലം അങ്ങിനെയാണ്......ഒരിക്കലും മടുക്കില്ല ..ഒരു മഴയില്‍ നിന്നും അടുത്ത മഴയിലെക്കുള്ള ദൂരമാണ് എന്റെ പ്രിയപ്പെട്ട ഈ നടത്തം......മാന്ത്രികനായ ചിത്രകാരനെ പോലെ ഒരു ജലച്ചായത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുകയാണ് മഴ....

Wednesday, July 4, 2012

സമയം

നമ്മള്‍ എന്ന ബഹുവചനത്തില്‍ നിന്നും
ഞാനും നീയും എന്ന സത്യത്തിലേക്കും
ഒടുവില്‍
ഞാന്‍ എന്ന നിസ്സംഗതയിലേക്കും
കാലത്തിന്റെ സമയസൂചി
വിരസതയോടെ നീങ്ങുമ്പോള്‍,
ഒരു കൊച്ചുകുട്ടിയുടെ മനസ്സുമായി
പഴയ ആ ചുമര്‍ ഘടികാരത്തിന്
ഇന്നും ഞാന്‍ ജീവന്‍ നല്‍കുന്നു.
ഒരിക്കല്‍ സമയം തിരിച്ചുപിടിക്കാം
എന്ന ശുഭാപ്തിവിശ്വാസത്തോടെ.