Saturday, July 14, 2012

അപസര്‍പ്പകം

രാവില്‍
സ്വപ്നത്തിന്റെ ലൈറ്റിട്ടപ്പോള്‍
പായല്‍ പിടിച്ച കുളത്തില്‍
ഒരു നീലാമ്പല മൊട്ട് വിരിയുന്നു.
ഒരു പെണ്‍ ശരീരം മുങ്ങിത്താഴുന്നു

തണുത്ത വരാന്ത.
നിലാവ് പൂത്ത മുറ്റം.
ഒടിയന്‍
കാളയായി ,ഒറ്റക്കൊമ്പന്‍
മുക്കാലി, വാലില്ലാത്തവന്‍.

രാവില്‍
വയലിന് നടുവില്‍
കുറുകെ വരുന്നു
മുടിയഴിച്ചിട്ട പെണ്ണ്
സുന്ദരി,സുമുഖി
പാല പൂക്കുമ്പോഴുള്ള ഗന്ധം,
പാട്ട്.

മൂന്നാം യാമം
തൊടിയിലെ മാഞ്ചോട്
ശുഭ്രവസ്ത്രധാരിയായ മാന്യദേഹി
ചോരയെക്കുരിച്ചു സംസാരിക്കുന്നു
എന്നെ തൊടാന്‍ കൈ നീട്ടുന്നു,
മരണം.

കിണറ്റിലെ ചന്ദ്രബിംബം
മാഷികലക്കിയപോലെ വെള്ളം
കപ്പി താനേ കരയുന്നു
കയര്‍ താനേ ഉയരുന്നു
പൊങ്ങി വരുന്നത്
പണ്ടെങ്ങോ അപമൃത്യു വരിച്ച ജലകന്യക.

വീട്
ചന്ദനത്തിരിയുടെ ഗന്ധം
മരിച്ചുപോയവര്‍
പരസ്പരം സംസാരിക്കുന്നു
മരവിച്ച് ഞാന്‍ മൃത്യു തേടുന്നു.

*നിലാവ് നിറഞ്ഞ പെരുവഴിയിലൂടെ
കരിയിലകള്‍ ഞെരിച്ചുകൊണ്ട്
ഒരു യാത്രികന്‍ മങ്ങുന്നു
കറുത്ത പൂച്ച
കണ്ണുകള്‍ തിളക്കുന്നു
വഴുത്ത പാമ്പ്‌
സീല്‍ക്കാരം
കുറുക്കന്റെ ഓരിയിടല്‍
എന്റെ മനസ്സ് മന്ത്രിക്കുന്നു;
അപസര്‍പ്പകം.



*വൈക്കം മുഹമ്മദ്‌ ബഷീറിനെ ഓര്‍ക്കുക